പഞ്ചായത്തിന്‍റെ ഭൂമിശാസ്ത്രം

ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിൽ കുന്നുകളാലും കുന്നിൻ ചരിവുകളും കാർഷിക സമ്പുഷ്ടമായി വിവിധ ഗോത്രവർഗ്ഗങ്ങൾ തിങ്ങിനിറഞ്ഞ മലയോരമേഖലയായ വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് 1961 ല്‍ രൂപം കൊണ്ടു. ആദ്യകാലത്ത് വലിയമറ്റം എന്നും കാലാന്തരത്തിൽ വെള്ളിയാമറ്റം എന്നും വിളിക്കാൻ തുടങ്ങി. 1963 ‍ല്‍ ശ്രീ.കെ.സി മാത്യു.കദ്ദളിക്കാട്ടിൽ പ്രഥമ പ്രസിഡന്‍റായ എട്ട് അംഗ ഭരണസമിതി അധികാരത്തിൽ വന്നു. നിലവിൽ 15 വാർഡുകൾ ഉള്ള ഈ ഗ്രാമപഞ്ചായത്ത് ഭൂപ്രദേശങ്ങൾ അതിനുമുമ്പ് അറക്കുളം, ആലക്കോട് പഞ്ചായത്തുകളിൽ ആണ് ഉൾപ്പെട്ടിരുന്നത്. അമ്പരചുംബികളായ മലനിരകളാ‍ല്‍ അതി‍ര് പങ്കിടുന്ന ഇവിടം അറക്കുളം, വെള്ളിയാമറ്റം,ആലക്കോട് എന്നീ വില്ലേജുകളാ‍ല്‍  വിഭജിക്കപ്പെടുന്നുവെങ്കിലും 36.6ച. കിലോമീറ്റർ വിസ്തീര്‍ണ്ണത്തില്‍ വ്യാപിച്ചു കിടക്കുന്ന ജൈവവൈവിധ്യങ്ങളുടെ കലവറ കൂടിയാണ്.

            പൗരാണിക കാലത്തുണ്ടായിരുന്ന ചേര,ചോള,പാണ്ഡ്യ നാടുകൾ ചേർന്ന തമിഴകത്തിന്‍റെ 16 നാടുകളിൽ ഒന്നായിരുന്നു കീഴ്മലൈ നാട്.ഇടുക്കി ജില്ല തലസ്ഥാനമാക്കി ഭരിച്ച ഏക നാട്ടുരാജ്യമാണിത്. കീഴ്മലൈ നാട് മറ്റ് പല നാട്ടുരാജ്യങ്ങളേക്കാൾ വിസ്ത്യതവും പ്രധാനപ്പെട്ടതുമായിരുന്നു. ഈ നാട് ഭരിക്കാൻ 600 പേർ ചേർന്ന സംഘം ഉണ്ടായിരുന്നു (ആറുനൂറ്റവര്‍).13-ാം നൂറ്റാണ്ടിൽ കാരൂരിലേക്കും (ടി ത്യക്കരിയുരാണ് പിന്നീട് കോതമംഗലം എന്നറിയപ്പെട്ടത്). പിന്നീട് മൂവാറ്റുപുഴയിലേക്കും അവസാനം കാരിക്കോട്ടേക്കും ഇവരുടെ ആസ്ഥാനം മാറ്റിയിരുന്നു. തൊടുപുഴ എന്ന സ്ഥലനാമം അന്ന് ഉണ്ടായിരുന്നില്ല .

            കച്ചവടത്തിനും വിഭവസമാഹരണത്തിനും വളരെയേറെ അനുയോജ്യവും സൗകര്യവും പ്രദമായതിനാലാണ് കീഴ്‌മലൈ നാടിന്‍റെ ആസ്ഥാനം കലയന്താനിക്ക് പടിഞ്ഞാറുള്ള കാരിക്കോട്ടേക്ക് മാറ്റി സ്ഥാപിച്ചത്.

രാജഭരണം നിലനിന്നിരുന്ന കാലത്ത് വെള്ളിയാമറ്റം പ്രദേശങ്ങൾ കാരിക്കോട് ആസ്ഥാനമായ വടക്കുംകൂ‍‍ര്‍ നാട്ടുരാജ്യത്തിൽ ഉൾപ്പെട്ടിരുന്നു. വടക്കുംക്കൂ‍ര്‍  രാജസ്ഥാനത്തുള്ളവർക്ക് മധുരയിലെ രാജാക്കന്മാരുമായി ബന്ധമുണ്ടായിരുന്നു. അക്കാലങ്ങളില്‍ മധുരയുമായുള്ള സഞ്ചാര ബന്ധങ്ങൾക്ക് വെള്ളിയാമറ്റം,ഇളംദേശം, പന്നിമറ്റം,കോഴിപ്പള്ളി കൂടി ഒരു പ്രധാന വഴിത്താര ഉണ്ടായിരുന്നതായും അതിന്‍റെ അവശിഷ്ടങ്ങൾ ഇന്നും ശേഷിക്കുന്നുണ്ട്. ചുക്ക്,കുരുമുളക്,ഏലം,കരിനെല്ല് ഇതര സുഗന്ധവ്യഞ്ജനങ്ങൾ ഇതുവഴി കൈമാറ്റം നടത്തിയിരുന്നു.അക്കാലത്ത് ചുങ്കം പിരിവിനായി ഇളംദേശം മുരിയാത്തോട് ഭാഗത്തും വെള്ളിയാമറ്റം കറുകപ്പിളളിയിലും രണ്ട് ചെക്ക് പോസ്റ്റുകൾ ഉണ്ടായിരുന്നു. ചുമടുതാങ്ങി,അഞ്ചൽപ്പെട്ടി, കുതിരാലയം വിശ്രമ കേന്ദ്രം എന്നിവയും ഇളംദേശം പ്രദേശത്ത് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. അന്നത്തെ ജനങ്ങളുടെ ഭക്ഷ്യ ആവശ്യത്തിനായി കരനെല്ല് കൃഷിയെയാണ് ആശ്രയിച്ചിരുന്നത്.

വെള്ളിയാമറ്റം പഞ്ചായത്തിന്‍റെ മലനിരകളിലായിരുന്നു ആദ്യകാലങ്ങളിൽ ജനവാസം ഉണ്ടായിരുന്നത്. പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ നെല്ലിക്കാമല മുതിയാമല പതിക്കമല, പറമ്പുക്കാട്ടുമല കിഴക്കൻമല തുടങ്ങിയ മലനിരകളിലെ ജനവാസം ഉറച്ചതിന് പ്രധാനകാരണമുണ്ട്. വനാന്ത‍ര്‍ ഭാഗത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ വന്യമൃഗങ്ങളിൽ നിന്ന് രക്ഷ നേടുന്നതിന് വേണ്ടി ഉയർന്ന പ്രദേശങ്ങളിൽ ജനവാസം ആരംഭിച്ചു. ഈ ഉയർന്ന പ്രദേശങ്ങളുടെ താഴ്വരങ്ങളിൽ ആയിരുന്നു ജീവിതാവശ്യങ്ങൾക്കായുള്ള കൃഷി ചെയ്തിരുന്നത്. ഈ കാലഘട്ടത്തിലാണ് കാരിക്കോട് ആസ്ഥാനമാക്കി ബ്രിട്ടീഷുകാർ തോട്ടം സ്ഥാപിച്ചത്. (കാരിക്കോട് റബ്ബർ എസ്റ്റേറ്റ്) പഞ്ചായത്തിന്‍റെ വടക്ക്,കിഴക്ക്,തെക്ക് ഭാഗങ്ങളിൽ സ്ഥിതിചെയ്യുന്ന പതിക്കമല പൂമാല നാളിയാനി,മേത്തൊട്ടി,പൂച്ചപ്ര,കരിപ്പലങ്ങാട്,നാടുകാണി,കോഴിപ്പിള്ളി,മുതലായ സ്ഥലങ്ങളിൽ നൂറ്റാണ്ടുകൾക്ക് മുന്‍പ് തന്നെ മലയരയ‍ന്‍,ഊരാളി,ഉള്ളാടൻ എന്നീ വിഭാഗത്തിൽപ്പെട്ട പട്ടികവർഗ്ഗക്കാർ സ്ഥിരതാമസമാക്കിയിരുന്നു. വെളളിയാമറ്റത്തിന്‍റെ കിഴക്ക‍ന്‍ പ്രദേശങ്ങളിലെ വനമേഖലകളിൽ ആദിവാസി ജനങ്ങൾ പുനം കൃഷി ചെയ്തും വനവിഭവങ്ങൾ ശേഖരിച്ചുമാണ് ജീവിച്ചു പോന്നിരുന്നത്.ഗോത്ര പൈതൃകമുള്ള ആദിവാസി സമൂഹം തനത് നാട്ടറിവുകളുടേയും കലകളുടേയും ആവിഷ്ക്കാര കർത്താക്കളായിരുന്നു.

           ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തിലുണ്ടായ രണ്ട് ലോകമഹായുദ്ധങ്ങളിലെ ദാരിദ്ര്യം മൂലം 1890 മുതൽ മീനച്ചിൽ,പാലാ,മൂവാറ്റുപുഴ താലൂക്കുകളി‍‍‍ല്‍ നിന്നും ജനങ്ങൾ ഇവിടേക്ക് കൂടിയേറി പാർത്ത് കൃഷി തുടങ്ങി. “വേലയില്ലാത്ത വെള്ളിയാമറ്റത്തിന് പോട്ടെ” എന്നൊരു ചൊല്ല് തന്നെ ഉണ്ടായിരുന്നു. കാരിക്കോട് റബ‍ര്‍ എസ്റ്റേറ്റ് സ്ഥാപിക്കുന്നതിനായി ഈ പ്രദേശത്തെ കാടുകൾ നീക്കം ചെയ്യുന്നത് പ്രധാന വെല്ലുവിളിയായി തുടരവെ, അക്കാലത്തെ ജനങ്ങളുടെ ദാരിദ്രം മുതലെടുത്ത് സായിപ്പിന്‍റെ കുബുദ്ധിയിൽ ഉദിച്ച ആശയമാണ് പദ്ധതി പ്രദേശത്തെ ഉൾക്കാടുകളിൽ വെള്ളിനാണയങ്ങൾ നിക്ഷേപിക്കുകയും ഈ വിവരം ഗ്രാമവാസികൾക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തു.പൊതുവേ മറ്റ് തൊഴിലുകൾ കുറവായിരുന്ന ആ കാലയളവിൽ ഈ വെള്ളിനാണയങ്ങൾ ശേഖരിക്കുന്നതിനായി ആളുകൾ കാടുകളിൽ പ്രവേശിക്കുകയും നാണയങ്ങൾ ശേഖരിക്കുന്നതിനായി അടിക്കാടുകൾ നീക്കം ചെയ്യുകയും ചെയ്ത് നാണയങ്ങൾ ശേഖരിച്ചിരുന്നു. ഇക്കാരണങ്ങൾ കൊണ്ട് തുടർന്നുവന്ന കാലത്ത് കാരണവന്മാർ മടിയന്മാരായ വേലയില്ലാതെ മടിപിടിച്ചിരുന്ന ചെറുപ്പക്കാരെ നോക്കി പറഞ്ഞിരുന്നതാണി പഴമൊഴി.